ഒന്നാം ഘട്ടം
പതിവുപോലെ പൂർത്തിയാക്കിയ തന്റെ കഥയുടെ കടലാസുകൾക്ക് മുന്നിൽ നിരേഷ് ദേവ് സ്വാമി ധ്യാന നിമഗ്നനായിരുന്നു. ഇന്നേക്ക് ഏഴു ദിവസമാകുന്നു എഴുതി പൂർത്തിയാക്കിയ കഥക്ക് അനുയോജ്യമായ ഒരു പേരിനായി തപസ്സിരിക്കാൻ തുടങ്ങിയിട്ട്. ധാരാളം പേരുകൾ മനസ്സിൽ നിന്നുതിരുകയും, അവയെല്ലാം തന്നെ പ്രസിദ്ധമാവുകയും ചെയ്തിട്ടുണ്ട്. തന്റെ നാവിൽ നിന്നുതിരുന്ന ഒരു പേരിനായി സിനിമ സംവിധായകർ, പ്രസ്ഥരായ എഴുത്തുകാർ തുടങ്ങിയ എത്രയേയോ പേർ കാത്തുനിന്നിട്ടുണ്ട്. സ്വന്തം കുടുംബത്തിലും, അല്ലാതെയും എത്രയോ കുഞ്ഞുങ്ങൾക്ക് പേരുകൾ നൽകിയരിക്കുന്നു. ഇപ്പോൾ സ്വന്തം കഥക്ക് ഒരു പേരിടാനാകുന്നില്ല.
പൂജ കഴിഞ്ഞ് പ്രാതൽ കഴിക്കുമ്പോഴും മനസിലെ ചിന്തകൾ അടങ്ങിയിരുന്നില്ല. ഇനി പത്ത് ദിവസംകൂടി കഴിഞ്ഞാൽ കഥ പ്രസിദ്ധീകരിക്കണം. ഇത്തവണത്തെ വാർഷിക പതിപ്പിൽ എന്റെ കഥ എക്സ്ക്ലൂസീവ് ആയിരിക്കും എന്നാണ് എഡിറ്റർ പറഞ്ഞത്. വളരേയധികം സന്തോഷത്തോടു കൂടിയാണ് കഥയുടെ പരസ്യം അയാൾ വായിച്ചു കേൾപ്പിച്ചത്. "പ്രഗത്ഭനായ ചിന്തകൻ,വാഗ്മി,സർവോപരി നാമധേയ പ്രസിദ്ധൻ ശ്രീ നിരേഷ് ദേവ് സ്വാമി എഴുതുന്ന സമ്പൂർണ്ണ നോവൽ ഉടൻ പ്രസിദ്ധികരിക്കുന്നു."
ജീവിതത്തിൽ ഒരിക്കൽ പോലും ഒരു കഥ എഴുതണമെന്ന് ചിന്തിച്ചിരുന്നില്ല. ഏതോ ഒരു നിമിഷത്തിൽ കഥയുടെ ബീജം മനസ്സിൽ കടന്നപ്പോൾ എഴുതാതിരിക്കാനും കഴിഞ്ഞില്ല. വിവാഹത്തിന് മുൻപ് മനസ്സിൽ ഉണ്ടായിരുന്ന പ്രണയവും, അതിനെ ഒരു മിത്തുമായി ബന്ധപ്പെടുത്തി എഴുതിയ കഥ ഭാര്യയേ വായിച്ചു കേൾപ്പിച്ചു. ഇഷ്ട്ടപെട്ടെങ്കിലും കഥയുടെ അവസാനം ഇത്രക്ക് ക്രൂരമായ ഒന്നാകേണ്ട എന്നായിരുന്നു അവളുടെ അഭിപ്രായം. അത് മാനിച്ച് മറ്റു പല വഴിക്കും ചിന്തിച്ചെങ്കിലും, കഥയുടെ അവസാനം ആദ്യത്തേതു തന്നെ ആയിരുന്നു.
ഉച്ച കഴിഞ്ഞപ്പോൾ വിക്ടർ വന്നു. കോളേജിൽ എന്റെ സീനിയർ ആയിരുന്നു. പ്രീ - ഡിഗ്രിക്ക് ആദ്യ ദിവസം എന്നെ റാഗ്ഗ് ചെയ്യാനെത്തിയവരുടെ നേതാവും അവനായിരുന്നു. കഥ അവനെ വായിച്ചു കേൾപ്പിച്ചു ഒപ്പം ഇപ്പോഴത്തെ എന്റെ പ്രശ്നവും.
"ഇത്രയും മനോഹരമായ ഒരു കഥ തനിക്കെഴുതാമെങ്കിൽ ഇതിന് പറ്റിയ പേരും ദൈവം തന്നെ കാട്ടിത്തരും. നീ ധൈര്യമായിട്ടിരിക്ക്, വേണമെങ്കിൽ കുറച്ചു ദിവസം ഇവിടെനിന്നു മാറി നിൽക്ക്. വയനാട്ടിലെ എന്റെ ഫാം ഹൗസിലേക്ക് വാ. അവിടെ നിനക്ക് പറ്റിയ അന്തരീക്ഷമായിരിക്കും". തന്റെ എല്ലാ തിരക്കുകളും തൽക്കാലത്തേക്ക് മാറ്റിവച്ച് കഥയുടെ പൂർണ്ണതക്ക് വേണ്ടി നിരേഷ് വിക്ടറിന്റെ ഫാറം ഹൗസിലേക്ക് യാത്ര തിരിച്ചു.
നിങ്ങളും, ഞാനും.നമ്മളോരുമിച്ച് എഴുതുന്ന ഈ കഥയുടെ ഒന്നാം ഘട്ടം ഞാനിവിടെ അവസാനിപ്പിക്കുകയാണ്. ഈ കഥയുടെ രണ്ടാം ഘട്ടം എന്താണെന്നറിയാൻ എന്നെ പോലെ നിങ്ങളും അക്ഷമരാണെന്ന് എനിക്കറിയാം. എന്നാലും രണ്ടാം ഘട്ടത്തിലേക്ക് യാത്ര തിരിക്കാൻ ഞാനില്ല. എന്റെ ശ്രമം ഞാനിവിടെ ഉപേക്ഷിക്കുകയാണ്. നിങ്ങൾക്കുവേണമെങ്കിൽ മുമ്പോട്ടു പോകാം. ഒരു പക്ഷെ, നിങ്ങളെപ്പോലെ ഒരു വായനക്കാരൻ എന്ന നിലക്ക് എനിക്ക് നിങ്ങളെ സഹായിക്കാനാകും. യാത്രയിൽ എവിടെയെങ്കിലും വച്ച് നമ്മൾ തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടേക്കാം. യാത്ര തിരിക്കും മുൻപ് ഒരു കാര്യം കൂടി. കഥയുടെ തുടക്കത്തിൽ തലക്കെട്ടിനെ കുറിച്ചാണല്ലോ നമ്മൾ സംസാരിച്ചത്. ഒരു കഥ പൂർണ്ണമാകണമെങ്കിൽ അതിനൊരു തലകെട്ടുവേണം. അതില്ലാതെ ലോകത്ത് ഇതുവരെ ഒരു കഥയും ജനിച്ചിട്ടില്ല, അങ്ങനെ ജനിപ്പിക്കാനുള്ള ധൈര്യം ഇതുവരെ ആരും കാണിച്ചിട്ടുമില്ല. നിങ്ങളുടെ കഥയുടെ രണ്ടാം ഘട്ടം ഇങ്ങനെ ആരംഭിക്കാം.
താനെഴുതിയ കഥക്ക് നല്ലൊരു പേരിടാനായി യാത്ര തിരിച്ച നിരേഷ് ദേവ് സ്വാമിയെ കുറിച്ച് യാതൊരു വിവരവും പിന്നിടുണ്ടായില്ല. ആദ്യത്തെ കുറച്ചു ദിവസം മൊബൈൽ ഫോൺ വഴിയുള്ള ബന്ധം ഉണ്ടായിരുന്നു. പിന്നീട് അതും ഇല്ലാതായി. ശല്യപ്പെടുത്തേണ്ട എന്ന് കരുതിയിരുന്നെങ്കിലും, വാർഷിക പതിപ്പ് ഇറങ്ങേണ്ട സമയമെടുത്തപ്പോൾ അതിന്റെ മുതലാളിയുടെ നിയന്ത്രണം നഷ്ട്ടപെട്ടു. തന്റെയും.മാസികയുടെയും മുഖം രക്ഷിക്കാനായി ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടുകയും, നിരേഷിനെതിരായി അയാൾ സംസാരിക്കുകയും ചെയ്തു. നിരേഷിന് കഥ എഴുതാൻ അറിയില്ല എന്നും, തൽക്കാല പ്രശസ്തിക്കുവേണ്ടി മാത്രമാണ് അയാൾ ഇതെല്ലം ചെയ്തു കൂട്ടിയതെന്നും മാധ്യമങ്ങളെ അറിയിച്ചു. ഒടുവിൽ നിരേഷിനെ അന്വേഷച്ച് ഒരു സംഘം യാത്ര തിരിച്ചു. വിക്ടറിന്റെ ഫാം ഹൗസിൽ ജോലിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ടു ദിവസം മുൻപ് തിരുനെല്ലിക്ക് പോയി എന്നൊരറിവ് മാത്രം ലഭിച്ചു.
യാത്ര തിരുനെല്ലി കട്ടിൽ അവസാനിച്ചു.
അവിടെ ശ്രീ രാമൻ തന്റെ പിതാവിന് പിണ്ഡംവച്ച ബലിക്കല്ലുകൾക്ക് നടുവിൽ, ശിരസില്ലാത്ത ഒരു ശരീരവും, കൈയ്യരികത്ത് എഴുതി പൂർത്തിയാക്കിയ തലകെട്ടോടു കൂടിയ കഥയും ഉണ്ടായിരുന്നു. അരികിൽ ഇതിനെല്ലാം സാക്ഷിയായി ഒരു ചിതൽപുറ്റും.
eNd
Sanju

No comments:
Post a Comment